തിരുവനന്തപുരം : അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോയെന്നതിന് അതാരാണെന്നായിരുന്നു പ്രശാന്ത്രിന്റെ പരിഹാസരൂപേണെയുള്ള മറുചോദ്യം.
ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങൾ : –
‘പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ പോസ്റ്റ് ചെയ്താൽ പോരെ എന്ന്. അല്ലെങ്കിൽ മറ്റൊരു മാധ്യമം വഴി അവർ ചെയ്യുന്ന അതേ പരിപാടി ചെയ്താൽ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്നമുണ്ട് വർമ്മ സാറേ…
സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റ് ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്കളങ്കതയാണ്.
അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ. Public scrutiny ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്ക് എടുത്ത് ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു ‘വിസിൽ ബ്ലോവർ’ ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്?
IAS കാരുടെ സർവ്വീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്.
ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ.
പൊതുജനമധ്യത്തിൽ സിവിൽ സർവ്വീസിന്റെ ‘വില’ കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്!’