രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യമെന്ന പ്രസക്തമായ ചോദ്യവുമായി മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് എസ്.എഫ്.ഐ ആത്മപരിശോധന നടത്തേണ്ട ചില വിഷയങ്ങളിലേക്ക് പ്രമോദ് രാമൻ വിരൽ ചൂണ്ടുന്നത്.
കുറിപ്പ് വായിക്കാം
എസ്.എഫ്.ഐയുടെ നന്മഗീതങ്ങൾ ആലപിച്ച് ആരും ഈവഴി വരണ്ട.
സിദ്ധാർഥനെ ആൾക്കൂട്ട മർദനത്തിന് വിധേയനാക്കിയതിൽ, ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളിയിട്ടതിൽ ഈ സംഘടന വഹിച്ച പങ്ക് നിസ്തർക്കമാണ്. അനീതിയുടെ ഒരു തരി പോലും ക്യാംപസിൽ വീഴാൻ അനുവദിക്കില്ലെന്ന ഉറച്ച ബോധ്യമാണ് പല ചിന്തോന്മുഖമായ വിദ്യാർഥി മനസുകളെയും ഈ സംഘടനയുടെ ഭാഗമാക്കുന്നത് എന്നോർക്കണം. യുവത്വത്തിന്റെ നീതിബോധവും സമത്വബോധവും ഏറ്റവും ക്രിയാത്മകമായ നിലയിൽ പ്രവർത്തിക്കുന്നത് ഈ നാളുകളിലാണ്. വിദ്യാർഥി സംഘടനകളുടെ റെവല്യൂഷനറി പൊറ്റൻഷ്യൽ മാറ്റുരയ്ക്കപ്പെടുന്നത് അതിന്മേലാണ്. അതിൽ നിന്ന്, ഒരു പെണ്കുട്ടിക്ക് പരാതി ഉണ്ടായാൽ അവനെ അടിച്ച് അടപ്പൂരി ശരിയാക്കണം എന്ന ബോധ്യത്തിലേക്ക് അത്തരം മനസ്സുകളെ പരിവർത്തിപ്പിക്കണമെങ്കിൽ എന്തുമാത്രം കൗണ്ടർ റെവലൂഷനറി പൊറ്റൻഷ്യൽ ആണ് എസ്.എഫ്.ഐ ഇപ്പോൾ പേറുന്നത് എന്ന് തിരിച്ചറിയണം. ക്യാംപസിൽ ഒരു വിദ്യാർഥി മോറൽ പൊലീസിങിനോ ആൾക്കൂട്ട വിചാരണയ്ക്കോ വിധേയപ്പെട്ടു എന്നറിഞ്ഞാൽ ആ നിമിഷം അതിനോട് വിദ്യാർഥികളെയാകെ ചേർത്ത് രാഷ്ട്രീയ പ്രകടനം നയിക്കുമെന്ന് പ്രതീക്ഷിക്കേണ്ടവർ ആണ് അത്തരമൊരു നടപടിയുടെ നേർകാർമികത്വം വഹിക്കുന്നത്!
ഇവരുടെ രാഷ്ട്രീയം പൊള്ളയായോ? സംഘടനാ ശരീരം അധികാരത്തിന്റെ മധുരം നുണഞ്ഞു മേദസ് നിറഞ്ഞുവോ? എല്ലാറ്റിലും വലുത് കായികമായി നേരിടുകയാണെന്ന് ഈ കുട്ടികളുടെ ബോധം കൂപ്പുകുത്തിയോ? ഇവർ പിന്തുടരുന്ന രാഷ്ട്രീയത്തിന് എന്തിനാണ് ആയുധങ്ങൾ? എന്തിനാണ് എപ്പോഴും സംഘടന വളർത്തുന്നത്, രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ?
നമ്മളെ തന്നെ തെറ്റുകാരും തോറ്റവരുമാക്കുന്ന മാർഗം വച്ച് നമുക്ക് ഒരു തെറ്റും തിരുത്തേണ്ടതില്ലെന്ന് തീരുമാനിക്കാൻ (ആ ഹോസ്റ്റൽ മുറിയിൽ ഒട്ടിച്ചുവച്ച പടങ്ങളിൽ ഉള്ളവരെ ഓർത്തെങ്കിലും) കഴിയാത്തവർ സമൂഹത്തെ ഒറ്റുകൊടുക്കുന്നു. ഓരോദിവസവും കേരളത്തെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ സാമന്ത രാജ്യമാക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലെ തുരുപ്പുചീട്ടാകാൻ നിന്നു കൊടുക്കുന്നവർ. കഴിയുന്നതും വേഗം അത്തരം ‘അധിക വളർച്ചകൾ’ വെട്ടിച്ചുരുക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.
കോളജിൽ അയക്കുന്ന മകനെ മർദിച്ചു കൊലയ്ക്കുകൊടുത്തു എന്ന് കേൾക്കുന്നതിൽപരം ഒരു മാതാവിനും പിതാവിനും മറ്റൊരു ദുരന്തം വരാനില്ല. അതിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ, എസ്.എഫ്.ഐ നേതൃത്വമേ, നിങ്ങളുടെ സംഘടനയെ ആദ്യം പ്രാപ്തമാക്കൂ. അത്രയെങ്കിലും നീതി നിങ്ങൾക്ക് നിങ്ങളുടെ, എന്നും പറഞ്ഞുവന്നിരുന്ന നിലപാടുകളോട് ചെയ്യാൻ സാധിക്കട്ടെ.