ന്യൂഡൽഹി : പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനത്തിൽ മറുപടിയുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് രാഹുൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം ചർച്ചയ്ക്ക് സമ്മതിക്കുമെന്ന് രാഹുൽ കരുതിയിരുന്നില്ല. ഈ വിഷയത്തിൽ രാഹുലിന്റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂരിലെ ചർച്ചയ്ക്ക് ഞങ്ങൾ സമ്മതിക്കുമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒരിക്കലും കരുതിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞതുപോലെ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ജോഷി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു, അത് അങ്ങനെയാണ് കാണപ്പെടുന്നത്. രാഹുൽ മറുപടി കേട്ടില്ല. അദ്ദേഹം സഭയിൽ വന്നില്ല. ഗ്രാൻഡ് ഓൾഡ് പാർട്ടി എന്ന് വിളിക്കപ്പെടുന്നവർ നിരുത്തരവാദപരമായി പെരുമാറുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.
മണിപ്പുർ കലാപത്തിൽ മോദിക്കെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ സഭയിൽ രണ്ടുമണിക്കൂറിലധികം മോദി സംസാരിച്ചു. എന്നാൽ മണിപ്പുരിനെക്കുറിച്ച് പറഞ്ഞത് രണ്ടുമിനിറ്റ് മാത്രമാണെന്നും രാഹുൽ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
അവിശ്വാസ പ്രമേയത്തിലെ വിഷയം താനോ കോൺഗ്രസോ ആയിരുന്നില്ല. മണിപ്പുർ ആയിരുന്നു. എന്നാൽ മോദി വിമർശിച്ചത് മുഴുവൻ കോൺഗ്രസിനെയാണ്. വെറും രാഷ്ട്രീയക്കാരനായല്ല പ്രധാനമന്ത്രിയായി അദ്ദേഹം സംസാരിക്കണമായിരുന്നു. സഭയിൽ നാണമില്ലാതിരുന്ന് ചിരിച്ച മോദി മണിപ്പുരിലെ ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തി.
മണിപ്പുരിൽ മാസങ്ങളായി കലാപം നടക്കുകയാണ്. അധികാര കേന്ദ്രങ്ങളിലുള്ള ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ സംസ്ഥാനം രണ്ടായിരിക്കുന്നു. ബിജെപിയാണ് ഇതിന് ഉത്തരവാദി. സൈന്യത്തിന് രണ്ടുദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ മണിപ്പുർ കത്താൻ പ്രധാനമന്ത്രി അനുവദിച്ചുകൊടുത്തു.
കലാപം അവസാനിപ്പിക്കാൻ മോദിക്ക് താൽപര്യമില്ലായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമല്ലെന്ന് സൈന്യം തന്നെ സമ്മതിച്ചിട്ടുണ്ട്. കലാപകാരികൾ സ്ത്രീകളെയും കുട്ടികളെയും പോലും ക്രൂരമായി ആക്രമിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും രാഹുൽ പറഞ്ഞു.