കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഇവിടെനിന്നും ആരും വരാത്തതിന് എന്താണ് കാരണമെന്ന് അറിയില്ല. അതിന് മറുപടി പറയേണ്ടത് അവരാണ്. താന്‍ ഇന്നലെയാണ് വീട്ടില്‍ എത്തിയത്. ഒരു പഞ്ചായത്ത് അംഗം പോലും തന്നെ ബന്ധപ്പെട്ടില്ല. അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോയെന്നും ശ്രീജേഷ് പറഞ്ഞു. ഈയൊരു സമീപനമാണ് നാളത്തെ തലമുറ കണ്ടുപഠിക്കുക. അങ്ങനെയങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍ വാങ്ങിയാലും നമ്മുടെ നാട്ടില്‍ വിലയില്ലെന്നുള്ള ചിന്താഗതി ഉണ്ടാകും. ഇത് കായിക രംഗത്തെ യുവതലമുറയെ നിരാത്സാഹപ്പെടുത്തും. ഇന്ന് ഉച്ചയോടെയാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് വീട്ടിലെത്തി ശ്രീജേഷിനെ അഭിനന്ദനം അറിയിച്ചത്.