ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് I-N-D-I-A എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ ബിജെപിയെ നേരിടാൻ സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്.
ഇന്നത്തെ വിശാല പ്രതിപക്ഷയോഗത്തിനു മുന്നോടിയായി ഇന്നലെ നേതാക്കൾ അനൗദ്യോഗിക യോഗം ചേർന്നിരുന്നു. അത്താഴവിരുന്നിന്റെ ഭാഗമായി നടന്ന ചർച്ചയിൽ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പുതിയ പേരു വേണമെന്ന നിർദേശമുയർന്നിരുന്നു. നിലവിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) എന്നാണ് പേര്. ഇതിൽപ്പെടാത്ത കക്ഷികളും വിശാല കൂട്ടായ്മയിൽ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി പുതിയ പേര് കണ്ടെത്തിയത്.
ഭരണകക്ഷിയായ ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേരിൽ അലയൻസ് എന്ന പദം വേണ്ടെന്ന നിലപാട് ഇടതു പാർട്ടികൾ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഫ്രണ്ട് എന്ന പദമാണ് പകരം അവർ നിർദേശിച്ചത്. ഇന്നലെ രാത്രിയിൽ നടന്ന അത്താഴവിരുന്നിൽ എല്ലാ പാർട്ടികളോടും സഖ്യത്തിന്റെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നിർദേശിച്ചവയിൽനിന്ന് INDIA എന്ന പേരിലേക്ക് എല്ലാവരും എത്തുകയായിരുന്നു.
യുപിഎ ചെയർപഴ്സനായിരുന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്നെ ‘ഇന്ത്യ’യെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറായി പ്രവർത്തിക്കും. 2004–2014 വരെ യുപിഎയുടെ ചെയർപഴ്സനായിരുന്നു സോണിയ. മാത്രമല്ല, രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും. ഒന്ന് പൊതുമിനിമം പരിപാടി അന്തിമമാക്കാനും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ പരിപാടികളും റാലികളും മറ്റും ക്രമീകരിക്കാനും.സോണിയ ഗാന്ധിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കേജ്രിവാൾ, ഹേമന്ത് സോറൻ, മമത ബാനർജി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയവരും പങ്കെടുത്തു.
ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. വിശാല പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു. അധികാരം മോഹിച്ചല്ല കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുത്തത്. മോദി സര്‍ക്കാരിനെ താഴെയിറക്കി ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.