കൊച്ചി : ബിജെപി മുതിർന്ന നേതാവ് പിപി മുകുന്ദൻറെ സംസ്ക്കാര ചടങ്ങുകൾ കണ്ണൂരിൽ നടക്കും.കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് രണ്ടോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു.കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന് നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ ഒമ്പതിനാണ് അദ്ദേഹം ജനിച്ചത്. ഹൈസ്കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്.
മണത്തണയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായ അദ്ദേഹം 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1991 മുതല്‍ 2004 വരെ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2004ല്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബര്‍ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. 2006 ന് ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന് 2016ൽ തിരികെയെത്തി.
പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായിരുന്നു അദ്ദേഹം.1988 മുതല്‍ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു മുകുന്ദന്.