കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രം സഹിതം പി പി ദിവ്യ ഫെയസ്ബുക്കില്‍ കുറിച്ചു.
പി പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് വീണ്ടും രംഗത്തെത്തിയ വേളയിലാണ് ദിവ്യയുടെ കുറിപ്പ്. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണ്. വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ലെന്നും പി പി ദിവ്യ കുറിപ്പില്‍ പറയുന്നു.
ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസ് ഇന്ന് ആരോപിച്ചത്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാർ ഈ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചു. ഈ കരാറുകളെല്ലാം നൽകിയിരിക്കുന്നത് നേരിട്ടാണ് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ വിജയൻ ജില്ലാ കലക്ടറായിരുന്ന കാലയളവിലാണ്. കലക്ടറുടെ ഇടപെടലുകളിൽ സംശയമുണ്ട്. ദിവ്യയ്ക്ക് വേണ്ടി കലക്ടർ വഴിവിട്ട് സഹായം ചെയ്തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണം. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കിയിരുന്നു.
ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :-
ഞാന്‍ കണ്ടു വളര്‍ന്ന നേതാവ്….
എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ നമ്മള് ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്…
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളര്‍ന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം….
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യില്‍ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോള്‍ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല….. കോടതീല് കണ്ടിപ്പാ പാക്കലാം..