തിരുവനന്തപുരം : കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് വൈദ്യുതി കമ്പനികള്‍. യൂണിറ്റിന് 6.88 രൂപയ്ക്ക് നല്‍കാമെന്ന് അദാനി പവറും ഡിബി പവറും അറിയിച്ചു. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കഎസ്ഇബി വിളിച്ച ടെണ്ടറില്‍ പങ്കെടുത്താണ് കമ്പനികള്‍ വിലകുറച്ച് വൈദ്യുതി നല്‍കാമെന്ന് വ്യക്തമാക്കിയത്.
ടെണ്ടര്‍ ആരംഭിച്ചപ്പോള്‍, ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ മുന്നോട്ടുവച്ചത്. യൂണിറ്റിന് 6.97 രൂപയാണ് ഡിബി പവര്‍ മുന്നോട്ടുവച്ചത്. യൂണിറ്റിന് 6.90 രൂപയാണ് അദാനി പവാര്‍ ക്വാട്ട് ചെയ്തത്. പിന്നീട് കമ്പനികള്‍ നിരക്ക് കുറച്ച് ടെണ്ടര്‍ വിളിക്കുകയായിരുന്നു.
നേരത്തെ റദ്ദാക്കിയ കരാറിലെ മൂന്നു കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബി ഹ്രസ്വകാല ടെണ്ടര്‍ വിളിച്ചത്.
പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിനുള്ള ടെണ്ടറാണ് ഇന്ന് തുറന്നത്. ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുത വാങ്ങാനുള്ള ടെണ്ടര്‍ നാളെ തുറക്കും. അടുത്ത മഴക്കാലത്ത് തിരികെ നല്‍കുമെന്ന വ്യവസ്ഥയില്‍ സ്വാപ് അടിസ്ഥാനത്തില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ 6 ന് തുറക്കും. ഈ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ അടുത്ത മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ കഴിയൂ.