പാലക്കാട് : മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.
പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തില്‍ കുളിച്ച അലന് മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.