മലപ്പുറം: കേരളാ ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരേ മലപ്പുറത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസെന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍.അബ്ദുല്‍ ഹമീദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലും ബസ് സ്റ്റാന്‍ഡിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കേരള ബാങ്കിനെതിരേ യുഡിഎഫ് നിയമസഭയിലും കോടതിയിലും പോരാട്ടം തുടരുന്നതിനിടെ ലീഗ് എംഎല്‍എയ്ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനം ലഭിച്ച സംഭവം വിവാദമായിരുന്നു. നിലവില്‍ യുഡിഎഫില്‍ നിന്ന് ആരും കേരള ബാങ്കില്‍ ഡയറക്ടര്മാരായില്ല. ലീഗുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള സിപിഎം നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
യുഡിഎഫ് അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്നായിരുന്നു ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി കൂടിയായ അബ്ദുല്‍ ഹമീദിന്റെ പ്രതികരണം. ഇതിനെ രാഷ്ട്രീയ സഹകരണമായി കാണേണ്ടതില്ലെന്ന് ലീഗ് നേതൃത്വം വിശദീകരിച്ചെങ്കിലും പലർക്കും അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം.