കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത് ശ്വാസതടസം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിക്കാതെ വന്നു. കൂടാതെ വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
”മരിച്ച നാലുപേര്‍ ഉള്‍പ്പടെ 60 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിക്കേറ്റ 56 പേരില്‍ നിലവില്‍ 32 പേര് വാര്‍ഡിലും മൂന്നുപേര്‍ ഐസിയുവിലുമുണ്ട്. ആസ്റ്ററില്‍ രണ്ടുപേര്‍ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. കിന്റര്‍ ആശുപത്രിയില്‍ 18 പേരാണു ചികിത്സ തേടിയത്. ഇതില്‍ 16 പേര് ഡിസ്ചാര്‍ജായി. സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടിയ ആള് ഇന്നലെ തന്നെ ഡിസ്ചാര്‍ജായി.”- വീണാ ജോര്‍ജ് പറഞ്ഞു.
ഇന്നലെയാണു നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാര്‍ഥികളായ അതുല്‍ തമ്പി (21), ആന്‍ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്വിന് ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.