തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ മൂന്നുമാസം വരെ തുടരും. ഈ മാസം 12 നാണ് തുറമുഖത്തെ ആദ്യ ട്രയൽ റൺ നടക്കുക. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേത്. ജൂലായ് 12 ന് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്നർ കപ്പൽ “സാൻ ഫെർണാണ്ടോ” ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ്വീകരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി ശ്രീ സർബാനന്ദ സോണോവാൽ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജൂലൈ 12 ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ റൺ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുറമുഖത്തിൻ്റെ പൂർണതോതിലുള്ള കമ്മീഷൻ സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ പിന്നാലെ എത്തും .വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയ്നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്മെന്റ് പൂർണതോതിൽ നടക്കും.
ഇന്ത്യയിലെ ആദ്യത്തെ സെമിഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ് . വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി, ക്വേ ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖവിജയത്തിന് അത്യന്താപേക്ഷിതമാണ്.
ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും ആവശ്യമുള്ള പ്രധാന പ്രവർത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. ആ പ്രവർത്തനമാണ് ബെർത്തിന്റ ആദ്യ 600 മീറ്ററിൽ ഇപ്പോൾ ആസൂത്രണം ചെയ്തിരിയുന്നതെന്നും വിസിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ. എസ് ശ്രീനിവാസ് ഐ.എ . എസ് ( പ്രിൻസിപ്പൽ സെക്രട്ടറി തുറുഖ വകുപ്പ് ) , പ്രദീപ് ജയരാമൻ( സി.ഇ. ഒ അദാനി പോർട്ട്), ശ്രീകുമാർ കെ. നായർ (സി.ഇ. ഒ വിസിൽ) എന്നിവരും പങ്കെടുത്തു.