കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി ടൊവിനോ തോമസിനൊപ്പം വരെ അഭിനയിച്ച് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വിടവാങ്ങുമ്പോൾ മലയാള സിനിമക്കുണ്ടാകുന്നത് തീരാനഷ്ടം. നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം കവരുന്നത്. വേലുത്തമ്പി ദളവ എന്ന ബാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയുടെ അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചലച്ചിത്രമാണ്.
നാടകത്തിൽ നിന്നുമായിരുന്നു മലയാള സിനിമ പ്രവർത്തകരുടെ കാരണവരിൽ ഒരാളായ പൂജപ്പുര രവിയുടെ തുടക്കം. പിന്നീട് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർസിനിമയിലേക്കും, പിന്നീട് ഈ ഡിജിറ്റൽ യുഗത്തിലും മലയാള സിനിമയുടെ വളർച്ചക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തിത്വമാണ് വിടവാങ്ങിയിരിക്കുന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി.ജഗതി എൻ.കെ.ആചാരിയുടെ കലാനിലയം നാടക വേദിയിലെ ഒഴിവാക്കാനാവാത്ത സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായാണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി ജനിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയത്തോട് താൽപ്പര്യം തോന്നുന്നത്.
പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്എൽ പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. കുറച്ചു നാടകങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണ് സിനിമ മോഹവുമായി മദ്രാസിലേക്ക് വണ്ടികയറുന്നത്. വേലുത്തമ്പിദളവ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ മുഖംകാണിച്ചു. എന്നാൽ സിനിമയിൽ അവസരം ലഭിക്കാതിരുന്നതോടെ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. അങ്ങനെയാണ് കലാനിലയത്തിൽ എത്തുന്നത്. പത്ത് വര്‍ഷത്തോളമാണ് കലാനിലയത്തില്‍ പ്രവര്‍ത്തിച്ചത്. കലാനിലയത്തിനുവേണ്ടി നാലായിരത്തില്‍ അധികം വേദികളില്‍ നാടകം അവതരിപ്പിച്ചു. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്. അമ്മിണി അമ്മാവന് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധനേടിയതോടെ അദ്ദേഹത്തെ തേടി കൂടുതൽ ചിത്രങ്ങൾ എത്തുകയായിരുന്നു.
മലയാള സിനിമയിൽ ഒരുകാലത്ത് പട്ടർ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് പൂജപ്പുര രവി. നിരവധി സിനിമകളിലാണ് അദ്ദേഹം പട്ടരുടെ വേഷത്തിൽ എത്തിയത്. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിൾ അഭിനയിച്ചു. കലാനിലയത്തില്‍ നാടകത്തില്‍ ഒപ്പം അഭിനയിച്ചിരുന്ന തങ്കമ്മയായിരുന്നു ഭാര്യ. ആറ് വര്‍ഷം മുന്‍പാണ് തങ്കമ്മ മരിക്കുന്നത്. മകന് ഹരിക്കൊപ്പം പൂജപ്പുരയിലെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മകന് അയര്‍ലന്‍ഡിലേക്ക് പോയതോടെയാണ് ജന്മദേശം വിട്ട് അദ്ദേഹം മറയൂരിലേക്ക് താമസം മാറിയത്. ആരോഗ്യം വീണ്ടെടുത്ത് പൂജപ്പുരയിലേക്ക് തിരിച്ചെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.