കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ പോളിംഗ് സമയം അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള അവസാന സമയമായ ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും ക്യൂ തുടരുകയാണ്. ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാൻ വരിയിൽ സ്ഥാനം പിടിച്ച ഏവർക്കും പോളിംഗിന് അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ആവേശത്തോടെയുള്ള പോളിംഗിനാണ് പുതുപ്പള്ളി മണ്ഡലം സാക്ഷ്യം വഹിച്ചത്. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 73.05 ശതമാനമാണ് പോളിംഗെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന തരത്തിലാണ് ഇത്തവണത്തെ പോളിങ് ശതമാനം.10 മണിക്കൂർ പിന്നിടുമ്പോൾ 126467 വോട്ടുകളാണ് ആകെ പോള് ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
അതേസമയം ഒരോ വോട്ടർമാരു 6 മിനിറ്റ് വരെ വോട്ട് ചെയ്യാനായി ചെലവഴിക്കുന്നുണ്ടെന്നും ഇനിയും ഒരുപാട് പേർ വോട്ട് ചെയ്യാനായി കാത്തിരിക്കുന്നതിനാലും സമയം നീട്ടി നൽകണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചരണം ജനങ്ങളെ ഏറെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു അതിരാവിലെ മുതൽ ബൂത്തുകളിലേക്കുള്ള വോട്ടർമാരുടെ ഒഴുക്ക്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
മണ്ഡലത്തിലെ വിഐപി വോട്ടർമാരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചാണ്ടി ഉമ്മൻ സഹോദരിമാർക്കും മാതാവിനും ഒപ്പം എത്തിയാണ് വോട്ട് ചെയ്തത്. ജെയ്ക് സി. തോമസും എഎപി സ്ഥാനാർഥി ലൂക്ക് തോമസും വോട്ടവകാശം വിനിയോഗിച്ചു. മന്ത്രി വി.എൻ.വാസവൻ രാവിലെ 9.30ന് പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
ഉച്ചയോടെ മഴയെത്തിയതും പോളിംഗ് മന്ദഗതിയിലാക്കിയില്ല. പാമ്പാടി, പുതുപ്പള്ളി, മണർകാട്, അയർക്കുന്നം ഭാഗങ്ങളിലെല്ലാം ഭേദപ്പെട്ട മഴ പെയ്തു. മണ്ഡലത്തിലെ കനത്ത പോളിംഗ് മികച്ച ഭൂരിപക്ഷം നൽകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയും നേതാക്കളും വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.