കോട്ടയം : പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ പരിധി വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഇതുറപ്പാക്കാന്‍ ജില്ല ഭരണകൂടത്തിനും ജില്ല പൊലീസ് മേധാവിക്കും നിര്‍ദേശം നല്കി.
വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണ് നടപടി.
വൈകുന്നേരം ആറു മണിയോടെ, പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. ഇനി നിശബ്ദ പ്രചാരണമാണ്. അഞ്ചാം തീയതിയാണ് തെരഞ്ഞെടുപ്പ്. ഇതുവരെ കാണാത്ത കൊട്ടിക്കലാശമാണ് പാമ്പാടിയില്‍ നടന്നത്.
പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി.പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്കിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്.