കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ടേണുകളും രണ്ടു മുന്നണികളെയും കുഴപ്പിക്കുന്നുണ്ട്. ഇനി കേവലം പതിനാറ് ദിവസമേ തെരഞ്ഞെടുപ്പിനുള്ളു. എന്നാല്‍ പ്രചാരണം തുടങ്ങിയ ഏപ്രിലിലെ ആദ്യ ദിവസങ്ങളെപ്പോലെയല്ല ഇപ്പോള്‍. പൗരത്വഭേദഗതി നിയമം മുതല്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും കേന്ദ്രഏജന്‍സികളുടെ അന്വേഷണങ്ങളുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി നിശ്ചയിക്കുമെന്നാണ് കരുതിയതെങ്കിലും കേരളാസ്റ്റോറി എന്ന സിനിമ ഇരുമുന്നണികള്‍ക്കും മുന്നില്‍ പുതിയ പ്രതിസന്ധിയായി മാറി.
ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച് ആരുമറിയാതെ പോകുമായിരുന്ന ഒരു സിനിമയെ കേരളം മുഴുവന്‍ തെരഞ്ഞെടുപ്പ് വിഷയമാക്കിയത് ഇരുമുന്നണികളുടെയും രാഷ്ട്രീയമായ വീഴ്ചയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഈ സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി. കേരളത്തില്‍ നിന്നും നിരവധി ക്രിസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് രാജ്യത്തിന് പുറത്തുള്ള ഐസിസ് പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുന്നു എന്നതാണ് ഈ സിനിമയുടെ പ്രമേയം. ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും ചൂണ്ടിക്കാട്ടി. മുസ്ലിം വോട്ടുബാങ്കിനെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രതിഷേധമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കേരളത്തിലെ രണ്ടു പ്രധാന കത്തോലിക്കാ രൂപതകള്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇടതു-വലതുമുന്നണികൾ കുടുക്കിലായി. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ ആദ്യം മുതലേ പിന്നിലായിരുന്ന ബിജെപിക്ക് പ്രതീക്ഷിക്കാത്ത ഊര്‍ജ്ജം കിട്ടുകയും ചെയ്തു.
ലൗ ജിഹാദ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഇരുമുന്നണികള്‍ക്കും ദോഷമാണ്. പ്രത്യേകിച്ച് യുഡിഎഫിന്. മുസ്ലീം ക്രൈസ്തവ വോട്ടുകള്‍ ഒരുപോലെ ലഭിച്ചാല്‍ മാത്രമേ യുഡിഎഫിന് 2019ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകൾ രണ്ടായി വിഭജിക്കപ്പെട്ടാൽ ഇടതുമുന്നണിക്കായിരിക്കും പൊതുവേ മുന്‍തൂക്കം ലഭിക്കുക. മുസ്ലിം വോട്ടുകള്‍ ക്രൈസ്തവ വോട്ടുകളെക്കാള്‍ ഏകീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ് എന്നതാണതിന് കാരണം. കേരളാസ്റ്റോറി ക്രിസ്ത്യന്‍ പള്ളികളിൽ പ്രദര്‍ശിപ്പിച്ചതിനെതിരെ അഭിപ്രായം പറഞ്ഞ വിഡി സതീശന് ഇപ്പോള്‍ തന്നെ ഈ കേന്ദ്രങ്ങളില്‍ നിന്നും വിമർശനം നേരിടേണ്ടി വരുന്നുണ്ട്. അതോടൊപ്പം സിപിഎമ്മിനും ഇതു പുലിവാലായിക്കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കിയ സിനിമയാണ് കേരളാസ്റ്റോറി. അത് 17 വയസിൽ താഴെയുള്ള കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി-താമരശേരി രൂപതാധികൃതര്ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഈ സമയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ കേസെടുത്താല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇടതു സര്‍ക്കാരിനറിയാം. സിനിമക്കെതിരെ രാഷ്ട്രീയമായ നിലപാട് കൈക്കൊണ്ട ഇരുമുന്നണികളും ക്രൈസ്തവ സഭകള്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ആരും അറിയാതെ പോകുമായിരുന്ന ദൂരദര്‍ശനിലെ സിനിമാ പ്രദര്‍ശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ച് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയ അവസ്ഥയിലാണ് മുന്നണികള്‍.
അതേപോലെ തന്നെയാണ് പാനൂരിലെ ബോംബ് സ്ഫോടനം സൃഷ്ടിച്ച രാഷ്ട്രീയ പ്രകമ്പനങ്ങളും. ഭരണകക്ഷി കൃത്യമായി പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. വടകരയില്‍ കെകെ ശൈലജക്കുണ്ടായിരുന്ന വിജയപ്രതീക്ഷക്ക് വലിയ തോതില്‍ മങ്ങലേല്‍പ്പിക്കാന്‍ മാത്രമേ ഈ സ്ഫോടനം സഹായിച്ചുള്ളു. സിപിഎം ബോംബ് രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലന്നതിന്റെ സൂചനയാണ് ഈ സ്ഫോടനമെന്ന് വിമർശനമുയർന്നു. ഇതില്‍ മരിച്ചവരും പരിക്കേറ്റവരും സിപിഎമ്മുകാരണെന്നുള്ള യുഡിഎഫ് പ്രചാരണത്തെ തടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു തിരിച്ചടി പാര്‍ട്ടി പ്രതീക്ഷിച്ചിട്ടേയുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ പൂര്‍ണ്ണമായും തള്ളിപ്പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുമില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജണ്ട പെട്ടെന്ന് മാറുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ ഉണ്ടാക്കാറുണ്ട്. കാരണം വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രചാരണം പുരോഗമിക്കുന്നത്. എന്നാല്‍ പെട്ടെന്ന് അജണ്ടകള്‍ മാറിമറിയുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതം കനത്തതാണ്. കേരളാസ്റ്റോറിയും പാനൂര്‍ ബോംബ് സ്ഫോടനവും ഉയര്‍ത്തുന്ന പ്രശ്നമതാണ്. മണിപ്പൂരിലെ അക്രമങ്ങളുടെയും വംശീയ കലാപത്തിന്റെയും വാര്‍ത്തകളും ചിത്രങ്ങളുമായി ക്രൈസ്തവ മേഖലകളില്‍ പ്രചാരണം തുടങ്ങിയ ഇടതുവലതു മുന്നണികള്‍ക്ക് ഇപ്പോള്‍ കേരളാസ്റ്റോറിക്കും ലൗവ് ജിഹാദിനുമൊക്കെ മറുപടി പറയേണ്ട അവസ്ഥയാണ്. ഇത്തരം അപ്രതീക്ഷിത ട്വിസ്റ്റുകളാണ് പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ വോട്ടുതീരുമാനത്തെ ബാധിക്കുന്നതും.