ന്യൂഡൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകകക്ഷി യോഗത്തിൽ, വനിതാ സംവരണ ബിൽ സഭ പാസാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നൊരുക്കമായി കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റ് ലൈബ്രറി കോംപ്ലക്സിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.
വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് യോഗത്തിൽ നിലപാട് സ്വീകരിച്ചതായി എൻസിപി(അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി. ബിജെഡി, ബിആർഎസ് എന്നീ കക്ഷികളും സമാന ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവകക്ഷി യോഗത്തിന് മുമ്പായി സഭാ സമ്മേളനത്തിന്റെ അജൻഡ സർക്കാർ പുറത്തുവിട്ടെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കേണ്ട ബില്ലുകളൊന്നും സർക്കാർ പ്രഖ്യാപിച്ച അജൻഡയിലില്ല.
ഇതിനാലാണ് സർക്കാരിന് ഒരുമുഴം മുമ്പെ നീട്ടിയെറിഞ്ഞ് വനിതാ സംവരണം എന്ന ആവശ്യത്തിന്റെ “ക്രെഡിറ്റ്’ പ്രതിപക്ഷ കക്ഷികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയെന്ന ലക്ഷ്യത്തോടെ ഈ സർക്കാർ വിളിക്കുന്ന അവസാനത്തെ പാർലമെന്റ് സമ്മേളനമാണെന്ന അഭ്യൂഹം നിറഞ്ഞുനിൽക്കുന്നതും ഈ നീക്കത്തിന് കാരണമായി.