


പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്നു കടന്നു കളയാൻ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏതു സാഹചര്യത്തിലാണ് രാഹുലിന് കാർ കൈമാറിയതെന്നു പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുൻപ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്നു മൊഴിയെടുത്തിരുന്നു.
അതിനിടെ എംഎൽഎ ആറാം ദിവസവും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന വ്യപിപ്പിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും ആന്വേഷണ സംഘം പരതുന്നുണ്ട്. രാഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ഊർജിതമാണ്.
യുവതിയെ രാഹുൽ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചതിനു ഒട്ടേറെ തെളിവുകളുണ്ടെന്നു പൊലീസ് ഉറപ്പിക്കുന്നു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.