കൊച്ചി : മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയില്ലെന്ന് മഹാരാജാസ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സി യു പ്രിയേഷ് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അറിയിച്ചു.
അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദ്യാര്ഥികള്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയേഷ് നല്കിയ പരാതി അതേപടി കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇ- മെയില്‍ മുഖാന്തരവും നേരിട്ടുമായിരുന്നു സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി ഇല്ലെന്ന് പ്രിയേഷ് മൊഴി നല്‍കിയതോടെയാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് എത്തിയത്. നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും കോളജിനകത്ത് വച്ച് തന്നെ പ്രശ്നം തീര്‍ക്കാനാണ് ആഗ്രഹമെന്നുമായിരുന്നു അധ്യാപകന്റെ മൊഴി.
മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ ബി എ രാഷ്ട്രമീമാംസ ക്ലാസിലാണ് അധ്യാപകനെ അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ നടന്നത്. അത് ക്ലാസിലുള്ള വിദ്യാര്‍ഥിതന്നെ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി പോസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായി ചര്‍ച്ചയായത്. ഇതേത്തുടര്‍ന്ന് കെഎസ്യു നേതാവടക്കമുള്ള ആറ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി കോളേജ് സസ്പെന്‍ഡ് ചെയ്തു.2016ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ആര്‍പിഡബ്ല്യുഡി) ആക്ട് അനുസരിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയേഷ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.