കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ഗോഡ്സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയ എൻഐടി പ്രഫസർ ഷൈജ ആണ്ടവനെ ഞായറാഴ്ച ചോദ്യംചെയ്യും. ഇവരുടെ ചാത്തമംഗലത്തെ വീട്ടിലെത്തി ചോദ്യംചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്.
കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. വിഷയത്തിൽ അന്വേഷണം നടത്താൻ കോഴിക്കോട് എൻഐടി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്കെതിരേ വകുപ്പ്തല നടപടി സ്വീകരിക്കുക. വിഷയം വിവാദമായതോടെ വൻ പ്രതിഷേധമാണ് അധ്യാപികയ്ക്കെതിരേ ഉയർന്നത്. തുടർന്ന് ഇവർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.