കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്നും കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ആരാണ് കുറിപ്പ് എഴുതിയത് എന്നതടക്കം ശാസ്ത്രീയമായി പരിശോധിക്കും. അതിനു ശേഷമേ കേസുമായി കുറിപ്പിന് ബന്ധമുണ്ടോ എന്ന് പറയാനാകൂ എന്നും എസ്പി കാര്‍ത്തിക് പറഞ്ഞു.
നേരത്തെ ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വെളിപ്പെടുത്തലിനെതിരെ ശ്രദ്ധയുടെ കുടുംബം രംഗത്തെത്തിയതോടെയാണ്, കുറിപ്പില്‍ ദുരൂഹത വര്‍ധിച്ചത്. ശ്രദ്ധ സതീഷ് എഴുതിയെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നാണ് കുടുംബം പറയുന്നത്. ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് സുഹൃത്തുക്കൾക്ക് സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ മെസേജായി അയച്ചതാണെന്നും ഇപ്പോള്‍ സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലില്‍ വച്ചിട്ടുണ്ട്, ഞാന്‍ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്.
അതേസമയം ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നുവെന്ന സംശയമാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും എസ്പി അറിയിച്ചു.