തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ “കൈതോലപായ’ ആരോപണത്തിൽ കഴന്പില്ലെന്ന് പൊലീസ് . കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അതിനാൽ തന്നെ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. കന്റോൺമെന്റ് അസി. കമ്മിഷണറാണ് കേസ് അന്വേഷിച്ചത്.
ഒരു പാർട്ടിയുടെയോ നേതാവിന്റേയോ പേര് താൻ പറഞ്ഞില്ലെന്ന് ശക്തിധരൻ പൊലീ സിന് മൊഴി നല്കിയിരുന്നു. പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലീ സിന് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് തെളിവുകളുടെ അഭാവത്തിൽ തുടരന്വേഷണ സാധ്യത ഉണ്ടാകില്ലെന്ന് പൊലീ സ് വ്യക്തമാക്കിയത്. കന്റോണ്മെന്റ് അസി.കമ്മീഷണർ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസിൽ വച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയിൽ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു ജി. ശക്തിധരൻ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം വെണമെന്നാവശ്യപ്പെട്ടു ബെന്നി ബഹനാൻ എംപി ഡിജിപിക്കു പരാതി നൽകി. അന്വേഷണ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി ഈ പരാതി കന്റോൺമെന്റ് അസി. കമ്മിഷണർക്കു കൈമാറുകയായിരുന്നു.