ഇംഫാൽ: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് പൊലീസ് . ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം പോകുന്നതിനെയാണ് പൊലീസ് എതിര്‍ക്കുന്നത്. പകരം വ്യോമമാര്‍ഗം സ്വീകരിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.
എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ ഗാന്ധി മെയ്തേയ് വിഭാഗത്തിന്റെ വിഷ്ണുപുരിലെ രണ്ട് ക്യാമ്പുകളാണ് ഇന്ന് സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. കൂടാതെ, നാഗ ഉള്‍പ്പടെ 17 പൗര സമൂഹവുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. അതിനിടെ ഇംഫാലിൽ വീണ്ടും സംഘർഷമുണ്ടായി . കലാപത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി തടിച്ചുകൂടി ജനങ്ങൾ. ഇംഫാലിലെ ബിജെപി പ്രാദേശിക ഓഫീസിനു സമീപമാണ് ജനക്കൂട്ടം തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു.
വ്യാഴാഴ്ച പുലർച്ചെ കാംഗ്പോക്പിയിലെ രണ്ട് ഗ്രാമങ്ങളിൽ അജ്ഞാതരായ ആളുകൾ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. ഈ സ്ത്രീയുടെ മൃതദേഹവുമായി ജനക്കൂട്ടം നഗരത്തിലേക്ക് എത്തുകയായിരുന്നു. പ്രതിഷേധക്കാർ റോഡ് ഗതാഗതം തടഞ്ഞു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടു. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇംഫാലിലുണ്ട്. രാഹുലും കെ.സി. വേണുഗോപാൽ അടക്കം മറ്റ് കോൺഗ്രസ് നേതാക്കളും ഇംഫാലിലെ ഹോട്ടലിലാണ് താമസിക്കുന്നത്.