ഇംഫാൽ : വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പൊലീസിന്റെ ഈ നടപടി.
ഇംഫാലിലെത്തിയ രാഹുല്‍ കലാപബാധിത മേഖലയായ ചുരാചന്ദ്പൂരിലേക്ക് പോകുന്നവഴിയാണ് പൊലീസ് തടഞ്ഞത്. സംസ്ഥാനത്തെ ജനപ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി വെള്ളിയാഴ്ചയാണ് മടങ്ങുക.
ഇതിനിടെ, രാഹുലിന്റെ മണിപ്പുർ സന്ദർശനത്തിനെതിരേ വിമർശനവുമായി ബിജെപി രംഗത്തുവന്നു. രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ വിമർശിച്ചു.ജനങ്ങളെയോർത്തല്ല, സ്വാര്‍ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുലിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ മണിപ്പുരിൽ സന്ദർശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്. രാഹുൽ വന്ന സമയത്തും മണിപ്പൂരിൽ സംഘർഷം കനക്കുകയായിരുന്നു. പുലർച്ചെ കാങ്പോക്പി ജില്ലയിൽ വെടിവയ്പ്പ് ഉണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.