കൊച്ചി: കളമശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ച ശേഷമായിരുന്നു നടപടി. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലര്‍ത്തിയെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ഫോണ്‍ പരിശോധന. കൂടാതെ ഏതാനും വര്‍ഷത്തെ വാട്സാപ് ചാറ്റുകള്‍, സാമൂഹിക മാധ്യമ ഇടപെടലുകള്‍ എന്നിവയുടെ ബാക്ക് അപും പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം പൊലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയുടെ സ്വഭാവ സവിശേഷതകളാണ് കേസിനെ സങ്കീര്‍ണമാക്കുന്നത്. ഡൊമിനിക്കിനു മാനസിക, ശാരീരിക പ്രശ്നങ്ങളില്ലെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കു കൂടി സൗകര്യം ഏര്‍പ്പെടുത്തിയുള്ള ചോദ്യംചെയ്യല്‍ രീതിയാകും പരീക്ഷിക്കുക.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള അപേക്ഷ ഇന്നലെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചില്ല. ഇതിന് ഒരു ദിവസം കൂടി വേണ്ടിവരുമെന്നാണു വിവരം. സാക്ഷികളെയടക്കം തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയ ശേഷമാകും കോടതിയെ സമീപിക്കുക.
അതിനിടെ, കളമശേരി സ്ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ 2 പേരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഒരാളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 16 പേരാണു വിവിധ ആശുപത്രികളിലായി ഐസിയുവില്‍ ചികിത്സയിലുള്ളത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഐസിയുവിലായിരുന്ന പതിനാലുകാരിയെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നു വാര്‍ഡിലേക്കു മാറ്റി.