കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്.
കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.. തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്.നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ആണ് കുട്ടി ഉള്ളത്.