കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എസ്.എഫ്.ഐ മുൻനേതാവ് കാലടി വട്ടപ്പറമ്പ് മാടശേരി എസ് രോഹിത്തിനെതിരെയാണ് പോക്സോ, ഐടി ആക്ട് വകുപ്പ് എന്നിവ ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനാണ് പുതിയ കേസ്.
വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രോഹിത്തിനെ നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കാലടി ശ്രീശങ്കര കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് നടപടി. ബിരുദ വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നിൽ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത്ത് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തിന്റെ ഭാഗമായി ഇയാൾ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇയാൾക്കെതിരെ ഒൻപത് പെൺകുട്ടികൾ കൂടി പരാതി നൽകിയിരിക്കുകയാണ്.