തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ പണം നല്കി വോട്ടുവാങ്ങുന്നെന്ന ആരോപണത്തില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഡിജിപിക്ക് നല്കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്.
എന്‍ഡിഎ സ്ഥാനാര്‍ഥി മതസംഘടനകള്‍ക്കു പണം നല്കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്കു പരാതി നല്‍കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശശി തരൂരിനു താക്കീത് നല്‍കിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മീഷന് വിലയിരുത്തി.പരാമര്‍ശങ്ങള്‍ രാജീവ് ചന്ദ്രശേഖറിനെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല എന്ന തരൂരിന്റെ വാദം കമ്മീഷന് തള്ളി. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണര്‍ത്തുന്നതാണെന്ന ബിജെപിയുടെ വാദവും തെരഞ്ഞെടുപ്പ് കമ്മീഷന് നിരാകരിച്ചു.