കൊച്ചി: എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷന് ഉപരോധ സമരത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു. കലാപത്തിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കേസില്‍ ഒന്നാം പ്രതി. 75 പേരടങ്ങുന്ന സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി പോയശേഷവും ഇവരെ ജാമ്യം നല്കി വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. കൂടുതല്‍ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് എംപിയുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏഴു മണിക്കൂറോളം പാലാരിവട്ടം പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇവരെ ജാമ്യം നല്കി വിട്ടയക്കുകയായിരുന്നു.