തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്.
യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.
‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’- എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറയുന്നു.
കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കരുതെന്ന് പറയുമെന്നും അവർ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.