കൊച്ചി: തെന്നിന്ത്യൻ നടിയുടെ പരാതിയിൽ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി തുടങ്ങി . ജയസുര്യക്ക് പിന്നാലെ മുകേഷിനെതിരേയും പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി കേസെടുത്തു. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്.
പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. നടൻ ജയസൂര്യ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയുന്നതെന്നാണ് നടിയുടെ പരാതി. ഈ പരാതിയിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരത്ത് ആയിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. അഭിനേതാക്കളായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയിലും കേസ് രജിസ്റ്റർ ചെയ്യും.കേസിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു.