കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ നടന് വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു.
പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.നേരത്തേ, ചോദ്യം ചെയ്യലിന് മൂന്നുദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിനായകന് നോട്ടീസ് അയച്ചിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിനു മുന്നില്‍ ഹാജരായില്ല. ആശുപത്രിയിലാണെന്നാണ് നൽകിയ വിശദീകരണം. ഇതോടെയാണ് പൊലീസ് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയത്.
അതേസമയം തന്റെ വീട് ഒരുസംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് കാട്ടി വിനായകന് പൊലീസില്‍ പരാതി നല്കി. എന്നാൽ ഈ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സിസിടിവിയടക്കം പരിശോധിച്ച ശേഷമായിരിക്കും എഫ്ഐആര്‍ രേഖപ്പെടുത്തുകയെന്ന് പൊലീസ് പറഞ്ഞു. അതിനിടെ വിനായകനെതിരേ സിനിമാ സംഘടനകളും നടപടിക്കൊരുങ്ങുന്നതായാണ് വിവരം. കേസില്‍ പൊലീസ് നീക്കം നോക്കിയാകും തീരുമാനം.