ചണ്ഡീഗഡ് : പഞ്ചാബില്‍ 50 ഹാന്‍ഡ് ഗ്രനേഡുകള്‍ എത്തിയെന്ന പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വയുടെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന് രംഗത്തെത്തി. ചാനല്‍ അഭിമുഖത്തിനിടെയായിരുന്നു പ്രതാപ് സിങ് ബജ്വയുടെ വിവാദ പ്രസ്താവന.
പഞ്ചാബില്‍ 50 ഹാന്‍ഡ് ഗ്രനേഡുകള്‍ എത്തിയെന്നും, അതില്‍ 18 എണ്ണം സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചെന്നുമാണ് ബജ്വ പറഞ്ഞത്. അവശേഷിക്കുന്ന 32 എണ്ണം എവിടെയാണെന്നത് അജ്ഞാതമാണെന്നും ബജ്വ കൂട്ടിച്ചേര്‍ത്തു. ബജ്വുടെ ഈ പ്രസ്താവനയാണ് വിവാദമായത്.
‘ഈ വിവരത്തിന്റെ ഉറവിടം എന്താണ്? ബജ്വയ്ക്ക് ഈ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന് പാകിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ?, അവിടത്തെ ഭീകരര്‍ വിളിച്ച് എത്ര ബോംബുകള്‍ അയച്ചിട്ടുണ്ടെന്ന് നേരിട്ട് പറഞ്ഞുവോ?’. മുഖ്യമന്ത്രി ഭഗവന്ത് മന് ചോദിച്ചു.
‘ബോംബുകള്‍ പൊട്ടിത്തെറിച്ച് ആളുകള്‍ മരിക്കുന്നത് വരെ അദ്ദേഹം കാത്തിരുന്നോ?, അങ്ങനെ അദ്ദേഹത്തിന് രാഷ്ട്രീയം തുടരാന്‍ കഴിയുമോ?. അതല്ല ഇതൊരു നുണയാണെങ്കില്‍, ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പഞ്ചാബില്‍ ഭീകരത പടര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോയെന്നും ഭഗവന്ത് മന് ചോദിച്ചു.
‘ഈ വിവരം എവിടെ നിന്നാണ് ലഭിച്ചതെന്നും, അത്തരം വിവരങ്ങള്‍ നേരിട്ട് നല്കുന്ന ഉറവിടങ്ങള്‍ ഏതാണെന്നും ബജ്വ വ്യക്തമാക്കണം. അങ്ങനെയല്ലെങ്കില്‍, അദ്ദേഹം ഭീകരത പ്രചരിപ്പിക്കുകയാണ്, അതിന് നടപടിയെടുക്കും. ഭീകരത പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍, കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കണം. കാരണം അദ്ദേഹം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന് അഭിപ്രായപ്പെട്ടു.
അതിനിടെ, വിവാദ പ്രസ്താവനയില്‍ പഞ്ചാപ് പൊലീസ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വയെ ചോദ്യം ചെയ്തു. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ രവ്ജോത് കൗര്‍ ഗ്രേവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബജ്വയെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ബജ്വയില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് രവ്ജോത് കൗര്‍ ഗ്രേവാള്‍ വ്യക്തമാക്കി.