ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ പൊലീസ് ഔട്ട്പോസ്റ്റിനു നേരെ വെടിവെപ്പ്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്ന് ജിരിബാം സന്ദർശിക്കാൻ ഇരിക്കെയാണ് വെടിവെപ്പുണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമുണുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദർശനം നടത്തുന്നത്. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും.കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തും
നേരത്തെ മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടിയിരുന്നു. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇംഫാൽ ഈസ്റ്റിൽ നിന്ന് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 70 എം.എം ഹെവി കാലിബർ ലോഞ്ചർ, രണ്ട് ഒമ്പത് എം.എം പിസ്റ്റളുകൾ, 12 ഗേജ് സിംഗിൾ ബാരൽ ഗൺ, ഇംപ്രൊവൈസ്ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ഗ്രനേഡുകൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, വിവിധ തരം വെടിമരുന്നുകള്‍, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരമാണ് പിടിച്ചെടുത്തതെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ കൂടുതൽ അന്വേഷണത്തിനായി മണിപ്പൂർ പൊലീസിന് കൈമാറി.