കൊച്ചി : ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിയും എഴുത്തുകാരനുമായ പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
അന്വേഷണ വിധേയമായാണ് നടപടി. മെയ് 27ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് നടപടിക്ക് കാരണം. മേലുദ്യോഗസ്ഥരെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടുവെന്നാണ് ആക്ഷേപം. ഗുണ്ടകൾക്കെതിരായ ആഗ് പദ്ധതിയേയും പൊലീസ് ഉദ്യോഗസ്ഥരേയും കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി. സേനയിലെ അംഗമെന്ന നിലയിൽ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ഉചിത മാർഗേണ അല്ലാതെ മുഖ്യമന്ത്രിക്ക് ഇമെയിൽ മുഖാന്തിരം തുറന്ന കത്തയച്ചതും നടപടിക്ക് കാരണമായെന്ന് വിശദീകരിക്കുന്നു. പൊലീസ് സേനയിലെ മേലുദ്യോഗസ്ഥർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ വസ്തുതയ്ക്ക് നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിച്ചാണ് പോസ്റ്റ്.
സമൂഹമാധ്യമങ്ങളിൽ പൊലീസുകാർ ഇടപെടുന്നതിനെ കുറിച്ചും പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തെ കുറിച്ചുമുള്ള ഉത്തരവുകളെല്ലാം ഉമേഷ് ലംഘിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും ഉമേഷ് വള്ളിക്കുന്ന് കാട്ടിയെന്നാണ് എസ് പിയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ തുടരന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ് പിയെ ചുമതലെടുത്തിയിട്ടുമുണ്ട്. കുറ്റാരോപണ പത്രിക 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാനും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്കു കത്തയച്ചതിന് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. നടപടി വേഗത്തിലാക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിൽനിന്നും കോഴിക്കോട്ടു നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
ഗുണ്ടയുടെ വീട്ടിൽ വിരുന്നിനുപോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. ഏതാനും ദിവസമായി ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരക്കാർ അനേകംപേർ സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. കോടതി ഉത്തരവു പ്രകാരം അറസ്റ്റുചെയ്ത കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്കു പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്കു കീഴിലാണ് താൻ ജോലി ചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തിൽ ചോദിച്ചിരുന്നു.
നേരത്തെ പൂക്കോട്ട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടു ഉമേഷ് വള്ളിക്കുന്ന് എസ്എഫ്ഐക്കെതിരെ നടത്തിയ വിമര്ശനമടങ്ങിയ സാമൂഹ്യ മാധ്യമ പോസ്റ്റും വൈറലായിരുന്നു.