കാസര്‍ഗോഡ്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. എസ്ഐ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റി.കുമ്പളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തിൽ അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ കാസർഗോഡ് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മരിച്ചത്.
മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍ പെടുകയുമായിരന്നുവെന്നുമാണ് ആരോപണം.എന്നാല്‍ സ്ഥലം മാറ്റ നടപടിയില്‍ തൃപ്തരല്ലെന്ന് വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നിയമ നടപടിയുമായി ഏതറ്റംവരെയും പോകുമെന്നും കുടുംബം പറഞ്ഞു.
കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് നിയമനടപടിയെടുക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ബുധനാഴ്ചയും പൊലീസ് സ്റ്റേഷന് ഉപരോധിക്കും. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.