കോഴിക്കോട് : മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ സാമൂഹികപ്രവർത്തകൻ ഗ്രോ വാസുവിനെ പിന്തുണച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് മെമ്മോ. ഗ്രോ വാസുവിന് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നു കാണിച്ചാണ് ആറന്മുള പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്കു നീക്കംനടക്കുന്നത്. സംഭവത്തിൽ വിശദീകരണം തേടി പത്തനംതിട്ട ഡിവൈ.എസ്.പി ആണ് മെമ്മോ നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ കോടതി വെറുതെവിട്ട ഗ്രോവാസുവിന് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാണ് മെമ്മോയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങിയ ഗ്രോ വാസുവിനെ പ്രവർത്തകർ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് അഭിവാദ്യങ്ങൾ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുമായി ബന്ധപ്പെട്ടുള്ള സർക്കുലറിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണു നടപടിയെന്നും മെമ്മോയിൽ സൂചിപ്പിച്ചു.
പൊലീസ് സേനാംഗമെന്ന നിലയിൽ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും പെരുമാറ്റദൂഷ്യവും മേലുദ്യോഗസ്ഥരുടെ നിർദേശങ്ങളോടുള്ള അവഗണനയുമാണിത്. ഈ പ്രവൃത്തിമൂലം പൊതുജനമധ്യത്തിൽ സേനയുടെ അന്തസ്സിനു കളങ്കമുണ്ടായി. ഇക്കാര്യത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകിയിട്ടില്ലെങ്കിൽ അച്ചടക്കനടപടി കൈക്കൊള്ളുമെന്നും മെമ്മോയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, കോടതി നിരപരാധിയെന്നു വിധിച്ച ഒരാളെ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും പൊലീസ് മേധാവിയുടെ സർക്കുലറിൽ വിലക്കില്ലെന്ന് ഉമേഷ് പൊലീസ് മേധാവിക്കു നൽകിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. നിസ്സാരമായ കുറ്റം ആരോപിക്കപ്പെടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തയാളെ അകറ്റിനിർത്തുന്നതും ശത്രുവായി കാണുന്നതും പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. പൊലീസ് മേധാവിയുടെ സർക്കുലറിനു വിരുദ്ധമായ ഒന്നും ഫേസ്ബുക്ക് പോസ്റ്റിലില്ലെന്നും ഉമേഷ് വ്യക്തമാക്കി.