മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍നിന്ന് കണ്ടെത്തി. മലപ്പുറം എസ്പി എസ്.ശശിധരൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കണ്ടെത്തിയത്.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും എസ്പി അറിയിച്ചു.
കാണാതായപ്പോള്‍ മുതല്‍ സ്വിച്ച് ഓഫായിരുന്ന ഇയാളുടെ ഫോണ്‍ തിങ്കളാഴ്ച രാത്രിയോടെ ഓണായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന് നാല് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോയതാണ് വിഷ്ണുജിത്ത്. ഇവിടെയെത്തി സുഹൃത്തിന്റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് വിളിച്ചപ്പോള്‍ ഫോണ്‍ ഓണായതായി വിഷ്ണുജിത്തിന്റെ സുഹൃത്ത് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.