നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിനു കൊണ്ടുപോയി. ആര്യയെന്ന അധ്യാപികയെ കുറിച്ച് ലക്കോള അധികൃതർക്കും മികച്ച അഭിപ്രായമാണുള്ളത്. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച് മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.
ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കൾക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തിൽ നിന്നും ഒരാൾ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തിൽ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം. നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തിൽ ആര്യ പങ്കെടുത്തിരുന്നു. സന്തോഷവതിയായിരുന്നു ആര്യ. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ. കല്യാണത്തിനായുള്ള ഒരുക്കങ്ങളിൽ വീട്ടുകാർക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛൻ അനിൽകുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാൻ ശേഷിച്ചിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വീട്ടുകാർ എടുത്തിരുന്നു. ആര്യയുടെ ഇഷ്ടാനുസരണമാണ് എല്ലാം നടത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു. മാർച്ച് 27ന് കാണാതാവുന്നതിനു മുൻപു വരെയും സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കൾ ഓർമിക്കുന്നു.