കൊച്ചി: കോതമംഗലത്തെ പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ഇടക്കാല ജാമ്യം തുടരും. ഇരുവർക്കുമെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. പൊലീസ് രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
മൃതദേഹത്തോട് അനാദരവ് കാണിച്ചത് ബോധപൂർവമാണെന്ന് കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യുഷൻ പറയുന്നു. നഴ്സിങ് സൂപ്രണ്ടിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും അന്വേഷണസംഘം പറയുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കും. പ്രതിഷേധം തുടരുമെന്നും നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.നേര്യമംഗലത്തെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ്, പൊതു മുതൽ നശിപ്പിക്കൽ, ആശുപത്രി സംരക്ഷണ നിയമം എന്നീ ഗുരുതരവകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പിന്നാലെയാണ് മാത്യു കുഴൽനടനെയും മുഹമ്മദ് ഷിയാസിനെയും അർധരാത്രിയിൽ സമരപ്പന്തലിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ ഇരുവർക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.