തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നതന് രണ്ടരക്കോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസ് പൊലീസ് അവസാനിപ്പിച്ചു. കൈതോലപ്പായ വിവാദത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി കമ്മിഷണര്‍ ഒന്നര മാസം മുന്‍പു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തന്റെ പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണ് ശക്തിധരന് പൊലീസിനോട് പറഞ്ഞത്. പൊലീസിനോട് ആരുടെയും പേരു പറഞ്ഞില്ല. തെളിവും നല്‍കിയില്ല. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ചില സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. അതും ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് നല്കി. ലോക്കല്‍ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന് എംപിയാണ് ഇത് സംബന്ധിച്ചു ഡിജിപിക്ക് പരാതി നല്‍കിയത്. അതു ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനു ഡിജിപി നല്കി. അദ്ദേഹമാണ് കന്റോണ്‍മെന്റ് എസിയെ ഏല്പിച്ചത്. ബെന്നിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിനും ഫെയ്സ്ബുക് പോസ്റ്റിനപ്പുറമുള്ള തെളിവൊന്നും നല്‍കാനായില്ല.
അങ്ങനെ ഏറെനാള്‍ വലിയ വിവാദമായ ചര്‍ച്ച പൊലീസ് അവസാനിപ്പിച്ചു. ഇനി ആരെങ്കിലും പുതിയ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചാല്‍ ഈ റിപ്പോര്‍ട്ട് പൊലീസ് ഹാജരാക്കും. സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നാണ് ജി ശക്തിധരന് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരോപിച്ചത്.