ബെംഗളൂരു: പ്രജ്വല് രേവണ്ണയുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകൾ പൊലീസിന്റെ കയ്യിൽ ഇല്ലെന്ന് ഉറപ്പാക്കിയാണ് പ്രജ്വൽ കീഴടങ്ങിയത്.പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നു കരുതുന്ന പ്രതിയുടെ രണ്ടു മൊബൈൽ ഫോണുകളും നേരത്തെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവയുടെ മെമ്മറി ശൂന്യമാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
2,976 ദൃശ്യങ്ങളാണ് ബി ജെ പി നേതൃത്വത്തിന് പ്രജ്വലിനെതിരെ പാർട്ടി പ്രവർത്തകർ തെളിവായി കൈമാറിയ മെമ്മറി സ്റ്റിക്കിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ഐ ഫോണുകളും ലാപ്ടോപ്പും ഉൾപ്പടെ പ്രതിയുടെ കൈവശമുള്ള എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ വിദേശത്തായിരുന്ന സമയം ശേഷിച്ച തെളിവുകൾ കൂടി നശിപ്പിച്ചതായാണ് വിവരം. നേരത്തെ പിടിച്ചെടുത്തവയും ശൂന്യമായിരുന്നു. മൂവായിരത്തോളം വീഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടും അത്രയും വലിയ ഒരു കേസിലെ പ്രതിക്ക് എങ്ങനെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്തു നിന്നും പുറത്തു കടക്കാൻ കഴിഞ്ഞു എന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. മകൻ കീഴടങ്ങുന്നതിന് മുൻപേ പിതാവ് എച്ച് ഡി രേവണ്ണ തെളിവുകൾ ഇല്ലാതെ പൊലീസ് വേട്ടയാടുകയാണ് എന്ന പരാമർശവുമായി രംഗത്ത് എത്തിയിരുന്നു.
പ്രജ്വൽ തെളിവുകൾ നശിപ്പിച്ചതായാണ് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്. ഐ ക്ളൗഡിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളും ഫോട്ടോകളും ഡോക്യൂമെന്റുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. ലൈംഗികാതിക്രമവും ദൃശ്യങ്ങൾ പകർത്തലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്നത് കൊണ്ട് ഏതൊക്കെ മൊബൈലുകളിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടില്ല. പ്രജ്വലിന്റെ കയ്യിൽ നിന്ന് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെയും ഹാസനിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പഴയ ഫോണുകളിലെയും മെമ്മറി വീണ്ടെടുക്കാൻ ഹൈദരാബാദിലെ ഫോറൻസിക് ലാബിനെ എസ് ഐ റ്റി ആശ്രയിക്കും. പ്രതി തെളിവ് നശിപ്പിച്ചെന്നു ബോധ്യമായാൽ ആ വകുപ്പ് കൂടി ചുമത്തി കേസെടുക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.
ഹാസനിലെ സിറ്റിങ് എം പിയും എൻ ഡി എ മുന്നണിയുടെ ജനവിധി തേടിയ ഇപ്പോഴത്തെ സ്ഥാനാത്ഥിയുമാണ് പ്രജ്വൽ രേവണ്ണ. കേസിൽ രാഷ്ട്രീയ ഒത്തു തീർപ്പുകൾ നടന്നു എന്നതും ഇപ്പോൾ ചർച്ചയാവുകയാണ്. പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവ ഗൌഡയുടെ ചെറുമകനുമാണ്.ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് പ്രജ്വലിനെതിരെയുള്ള കേസ് പരിഗണിക്കുന്നത്. പ്രജ്വൽ ഒളിവിൽ പോയ 34 ദിവസങ്ങളിലും അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയിരുന്നില്ല . ലൈംഗിക അതിക്രമത്തിന് വിധേയരായ മൂന്നു സ്ത്രീകൾ മാത്രമാണ് നിലവിൽ പ്രജ്വലിനെതിരെ പരാതിയുമായി സമർപ്പിച്ചിരിക്കുന്നത്. ശേഷിച്ചവർ എല്ലാം നിശ്ശബ്ദരായി. ഭീഷണിയും തട്ടിക്കൊണ്ടു പോകലും വരെ ഇതിനിടെ നടത്തിയതായി കേസുകളുണ്ടായി. പീഡനത്തിനും ചൂഷണത്തിനും ഇരയായ സ്ത്രീകൾ വീഡിയോകൾ പുറത്ത് വന്നതോടെ അപമാന ഭാരത്താൽ കുടുംബ സമേതം നാടുവിട്ട് പോകേണ്ടി വന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രജ്വൽ നൽകിയ ജാമ്യ ഹർജിയും ജനപ്രതിനിധികളുടെ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ജർമനിയിൽ നിന്ന് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിനകത്തു വെച്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു . പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട് ഇതുവരെയും വിദേശകാര്യ മന്ത്രാലയം റദ്ദ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ചില രാഷ്ട്രീയ പ്രസ്താവനകൾ മാത്രമാണ് ഉണ്ടായത്.