വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേര് കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു. പ്രതികളായ എ. അൽത്താഫ്, കാശിനാഥൻ എന്നിവരെയും ഇന്ന് പൊലീസ് പിടികൂടിയിരുന്നു.
ഇരവിപുരം സ്വദേശിയായ അൽത്താഫിനെ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ അന്വേഷണസംഘത്തിന്റെ പിടിയിലായത്. സിദ്ധാർഥിനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.
കേസിൽ സിൻജോ, കാശിനാഥൻ എന്നിവർക്കു പുറമെ സൗദ് റിസാൽ, അജയ്കുമാർ എന്നിവർക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് – കെ.എസ്.യു – യൂത്ത് ലീഗ് പ്രവർത്തർ മാർച്ച് നടത്തി.