കൊച്ചി: തൃപ്പൂണിത്തുറ ഏരൂരില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷണ്മുഖനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരിസരവാസികള്‍ അറിയുന്നത്. ഉടന്‍ തന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേസെടുത്ത കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മകന് അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെയും ഷണ്മുഖന് വീട്ടില്‍ തന്നെ കഴിഞ്ഞതായി പൊലീസ് പറയുന്നു.ഷണ്മുഖന് മകനെ കൂടാതെ രണ്ടു പെണ്മക്കള് കൂടിയുണ്ട്. പെണ്മക്കള് ആണ് ചികിത്സയ്ക്കും മറ്റുമായി ഷണ്മുഖനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്.
അച്ഛനെ നോക്കാന്‍ തയ്യാറാണെന്ന് പെണ്മക്കള് പറഞ്ഞിരുന്നു. എന്നാല്‍ അച്ഛനെ വിട്ടുകൊടുക്കാന്‍ മകന് തയ്യാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.സഹോദരിമാര്‍ വന്ന് അച്ഛനെ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവിടെനിന്ന് പോയതെന്ന് വീട്ടുടമ പറഞ്ഞു. മാസങ്ങളായി വാടക മുടങ്ങിയിരുന്നതിനാല്‍ അജിത്തുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇയാള്‍ പ്രതികരിച്ചു.അതേസമയം തങ്ങള്‍ വേളാങ്കണ്ണിയില്‍ പോയതാണെന്നും തിരിച്ച് വന്ന് അച്ഛനെ ഏറ്റെടുക്കുമെന്നും പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജിത്ത് പറഞ്ഞു.