മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഫോറന്‍സിക് സര്ജന് ഡോ.ഹിതേഷ്. താനടക്കം മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു.
മരണകാരണ സാധ്യതകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഒരു പോലീസുകാരന്റെയും കാല് പിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ച് വര്‍ഷം മുമ്പ് തള്ളിയ കേസിനെക്കുറിച്ച് പൊലിസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായ ഡോ.ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
ശരീരത്തിലേറ്റ പരിക്കുകള്‍ മരണകാരണമായെന്ന് എഴുതിച്ചേര്‍ത്തത് ബോധപൂര്‍വമാണ്. ഡോക്ടര്‍ക്ക് പോലീസിനോടുള്ള മുന്‍വൈരാഗ്യമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡോക്ടറുടെ അടുത്ത ബന്ധുവിനെതിരേയുള്ള കേസ് ഒഴിവാക്കാന്‍ ഹിതേഷ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതില്‍ ഉദ്യോഗസ്ഥരോട് ഡോക്ടര്‍ക്ക് കടുത്ത വിരോധം ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ വാദം.