തൃശൂർ: വിയ്യൂർ അതീവസുരക്ഷാ ജയിലിൽ ഉണ്ടായ സംഘർഷം കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് എഫ്ഐആർ. സംഭവത്തിൽ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയടക്കം 10 പേർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം സ്വദേശിയും കൊലക്കേസ് പ്രതിയുമായ കാട്ടുണ്ണി രഞ്ജിത്താണ് കേസിലെ ഒന്നാം പ്രതി. കൊടി സുനി കേസിൽ അഞ്ചാം പ്രതിയാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിട്ടുള്ളത്. ജയിലിൽ ആക്രമണം തുടങ്ങിയത് രഞ്ജിത്താണെന്നും എഫ്ഐആറിൽ പറയുന്നു.ഞായറാഴ്ചയാണ് ഉച്ചയ്ക്ക് രണ്ടോടെയാണ് ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയിൽ ജീവനക്കാരെ മർദ്ദിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്നു ജയിൽ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫീസിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. കന്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വാക്കുതർക്കത്തിനു പിന്നാലെ സംഘം ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു.ജയിലിനകത്ത് ഭക്ഷണത്തെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. കന്പിയും മറ്റുമായി എത്തിയ ഒരുസംഘം ജയിൽ ഓഫീസിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തിട്ടുണ്ട്.
തടയാനെത്തിയ മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് തടവുകാരെ കീഴ്പെടുത്തി സംഘർഷത്തിന് അയവ് വരുത്തിയത്.കാട്ടുണ്ണി രഞ്ജിത്തിന്റെ നേത്വത്തിലുള്ള സംഘമാണ് ഉച്ചഭക്ഷണ സമയത്ത് കൊടി സുനിയുടെ സംഘവുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും അടക്കമുള്ളവ പരസ്പരം എടുത്തറിഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ ജയിൽ ഉദ്യോഗസ്ഥർ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച് കൊണ്ടുപോയി ഓഫീസിലെത്തിച്ചു.
ഈ സമയം തിരുവന്തപുരത്തുള്ള സംഘത്തലവൻ കാട്ടുണ്ണിയുടെ കൈമുറിഞ്ഞു. ഇയാൾ ഗ്ലാസ് പൊട്ടിച്ച് അതിന്റെ ചില്ലുകൊണ്ട് കൈ സ്വയം മുറിക്കുകയായിരുന്നു എന്നും കൊടി സുനിയുടെ സംഘം ഇയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും രണ്ടു വാദമുണ്ട്. കാട്ടുണ്ണി അടക്കമുള്ള സംഘത്തെ ജയിൽ അധികൃതർ രക്ഷപ്പെടുത്തി കൊണ്ടുപോയത് പ്രകോപിതരായ കൊടി സുനിയും സംഘവും ജയിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഗാർഡ് ഓഫിസിൽ അതിക്രമിച്ചു കടന്ന് ആക്രമങ്ങൾ തുടർന്നു.
ഞായറാഴ്ച ആയതിനാൽ ഉന്നത ഉദ്യോഗസ്ഥർ ആരും ജയിലിൽ ഉണ്ടായിരുന്നില്ല. സമീപത്തെ ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലിൽ നിന്നും കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.അതിസുരക്ഷ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിയ്യൂർ പൊ ലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വളരെ ഗൗരവമുള്ളതായതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് ജയിലിൽ എത്തും. കൊടി സുനിയുടെ ജയിൽ മാറ്റം അടക്കമുള്ള നടപടികൾക്കും സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്.