കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ സഹോദരനെ മൃതദേഹത്തിന് അടുത്തു നിന്ന് വലിച്ചിഴച്ച് പൊലീസ്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് നടപടി. മൃതദേഹം പിടിച്ചെടുക്കാനായി എത്തിയപ്പോഴാണ് ഇന്ദിരയുടെ സഹോദരൻ സുരേഷിനെ പൊലീസ് ബലമായി കൈയിൽ പിടിച്ചുവലിച്ചത്.
‘‘എന്റെ പെങ്ങളാണെന്ന് പറഞ്ഞിട്ടും പൊലീസ് ബലമായി എന്റെ കൈയിൽ പിടിച്ചുവലിച്ചു. കൈ രണ്ടും വേദനയാണ്.’’ –സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാളാണ് സുരേഷ്. പൊലീസ് നടപടിക്കിടെ മറ്റു കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.