റോം: ജുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്ക് വിലക്ക്ി ഇറ്റാലിയന്‍ ദേശീയ ആന്റി ഡോപ്പിംങ് ഏജന്‍സി. ഉത്തേജക മരുന്ന് അളവിലധികം ഉപയോഗിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോഗ്ബ അറിയിച്ചു. യൂറോപ്പിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന പോള്‍ പോഗ്ബ രണ്ട് വര്‍ഷം മുമ്പാണ് യുണൈറ്റഡില്‍ നിന്ന് പഴയ ക്ലബ്ബായ ജുവന്റസിലേക്കെത്തിയത്. പരുക്കുമൂലം കഴിഞ്ഞ സീസണ് ഏറെക്കുറെ നഷ്ടമായ പോഗ്ബ ഈ സീസണിലും കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഉത്തേജക മരുന്ന് പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടതോടെ സെപ്തംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്നു. രണ്ടാമത്തെ പരിശോധനയും പോസിറ്റീവായതോടെയാണ് വിലക്ക് വന്നത്.
2018 ലോകകപ്പ് ഫ്രാന്‍സ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു പോഗ്ബ. ഫൈനലില്‍ ഒരു ഗോളും നേടിയിരുന്നു. 2016ല്‍ റെക്കോര്‍ഡ് തുകക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ പോഗ്ബക്ക് പക്ഷെ യുണൈറ്റഡില്‍ കാര്യമായി തിളങ്ങാനായില്ല. ഇതോടെയാണ് ജുവന്റസിലേക്ക് മടങ്ങിയത്.