ആലുവ: കവി ദേശം ഹരിതത്തിൽ എൻ കെ ദേശം (87) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഞായർ രാത്രി 10.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പകൽ മൂന്നിന് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.
പന്ത്രണ്ടാം വയസ്സില്‍ രചനാജീവിതം ആരംഭിച്ച എൻ കെ ദേശം 1973ല്‍ ആദ്യ സമാഹാരമായ ‘അന്തിമലരി’ പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശ്ശേരി അവാർഡ് ലഭിച്ചു. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് എൻ കെ ദേശത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുദ്രയ്ക്ക് 2007ല്‍ ഓടക്കുഴല്‍ പുരസ്കാരവും 2009ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇടശ്ശേരി, സഹോദരൻ അയ്യപ്പൻ, ആശാന് സ്മാരകം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.
എൻ കെ ദേശത്തിന്റെ കവിതകളുടെ ബൃഹത്സമാഹാരം ‘ദേശിക’ത്തിന് കെ ടി കൃഷ്ണവാരിയരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കവിതാപുരസ്കാരവും ലഭിച്ചു. കൗമാരകാലംമുതൽ കവിതയെഴുതുന്ന ദേശത്തിന് ഏറെയും പ്രണയകവിതകൾ രചിക്കുന്നതിലായിരുന്നു താൽപ്പര്യം. അതിൽത്തന്നെ 1964ൽ രചിച്ച “ഗായകൻ’ എന്ന കവിതയായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയങ്കരം. ആക്ഷേപഹാസ്യ കവിയെന്ന വിശേഷണവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കവിത എഴുതിത്തുടങ്ങിയ കാലത്ത് ബി ശ്രീദേവി എന്ന പേരിലാണ് കവിതകൾ വാരികകൾക്ക് അയച്ചിരുന്നത്. നാളുകൾക്കുശേഷം നാട്ടുകാർ തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് സ്വന്തം പേരിൽ കവിതയെഴുതി പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുത്തത്. ദേശം ഹരിശ്രീ അക്ഷരശ്ലോകസമിതി, ശ്രീമൂലനഗരം വെണ്മണി സ്മാരകം, അങ്കമാലി വി ടി സ്മാരക ട്രസ്റ്റ് എന്നിവയുടെ സ്ഥാപക പ്രവർത്തകനുമായിരുന്നു അദ്ദേഹം.
കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ കെ ദേശം എന്നറിയപ്പെടുന്ന എൻ കുട്ടിക്കൃഷ്ണപിള്ള. 1936 ഒക്ടോബര്‍ 31ന് ആലുവ ദേശം എന്ന സ്ഥലത്ത് ജനിച്ചു. എൽഐസി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ (കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്). മക്കൾ: കെ ബിജു (സിവിൽ സപ്ലൈസ്, എറണാകുളം), കെ ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ കെ പിള്ള. മരുമക്കൾ: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).