തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതി ഉടൻ നടപ്പാവില്ല. പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം മാറ്റി.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭയിൽ പൊതു അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മാറ്റിവച്ചത്. വിശദമായി ചർച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നാണ് വിവരം.
പദ്ധതിക്കെതിരേ സിപിഐ മന്ത്രിമാരാണ് എതിർപ്പ് പ്രകടിപ്പിച്ചത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം ലഭിക്കും.
ഇതിനായി 251 കോടി രൂപ കേന്ദ്രം നൽകും. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിച്ചെങ്കിൽ മാത്രമെ പദ്ധതിക്കായി കേന്ദ്രം ഫണ്ട് അനുവദിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ മുമ്പ് കേരളവും തമിഴ്നാടും ബംഗാളും വിയോജിച്ചിരുന്നു. തുടർന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ മറ്റു മേഖലകളിൽ കേന്ദ്ര ബ്രാൻഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവുമായി തർക്കം നിലനിൽക്കെ വിദ്യാഭ്യാസ മേഖലയിൽ മാത്രം എതിർപ്പുകൾ മാറ്റിവച്ച് കേന്ദ്ര പദ്ധതികളുടെ ഭാഗമാകുന്നതിനെ സിപിഐ എതിർക്കുകയായിരുന്നു. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്നാണ് മന്ത്രിമാരുടെ ആവശ്യം.